നേതാവ് വായ്പ തിരിച്ചടവ് മുടക്കി; ഗവർണറുമൊത്തുള്ള ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് കമ്പനി

ചെന്നൈ: ബി.ജെ.പി ഭാരവാഹി വായ്പ തിരിച്ചടവ് മുടക്കിയതിനെ തുടർന്ന് മൊബൈൽ ലോൺ ആപ്ലിക്കേഷൻ കമ്പനി വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.
തമിഴ്നാട് ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡന്‍റും തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജന്‍റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പാ ആപ്പുമായി ബന്ധപ്പെട്ടവർ തിരിച്ചടവിൽ വീഴ്ച വരുത്തിയയാളുടെ ഫോൺ ഗാലറിയിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

ചെന്നൈ ബിജെപിയുടെ മുൻ ജില്ലാ ഭാരവാഹിയായ ഗോപി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലോൺ ആപ്പ് വഴി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ആരംഭിച്ചു. എന്നാൽ ഗോപി ഇത് കാര്യമാക്കിയില്ല. ഇതോടെയാണ് ആപ്പ് സംഘം ഫോൺ ഹാക്ക് ചെയ്തത്. തമിഴിസൈ ഉൾപ്പെടെ ഗാലറിയിലെ എല്ലാ സ്ത്രീകളുടെയും ചിത്രങ്ങൾ ചോർത്തി. തുടർന്ന് ഗോപിയുടെ ഫോണിലെ എല്ലാ നമ്പറുകളിലേക്കും ചിത്രം അയച്ചുകൊടുത്തു.

റോയൽ ക്യാഷ് ആപ്പ് എന്ന ലോൺ ആപ്ലിക്കേഷനിൽ നിന്നാണ് ഗോപി വായ്പയെടുത്തത്. വായ്പയെടുത്ത ഫോണാണ് സംഘം ഹാക്ക് ചെയ്തത്. ഗോപിയും തമിഴിസൈയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് സംഘം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞയുടൻ ഗോപി വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.