ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന ആരംഭിച്ചു
പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. മായ, മർഫി എന്നീ രണ്ട് പൊലീസ് നായ്ക്കളെ സംഭവസ്ഥലത്തേക്ക് എത്തിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് നായ്ക്കൾ വീടിന് സമീപത്തെ കാവിലേക്കാണ് ഓടി. ഈ കാവിൽ വച്ചാണ് ലൈല മനുഷ്യബലിക്ക് ശേഷം രക്തം ഒഴുക്കിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭഗവൽ സിംഗിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നത്. ഈ വനപ്രദേശത്ത് എവിടെയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. നായ്ക്കൾ സൂചന നൽകിയ സ്ഥലം പൊലീസ് അടയാളപ്പെടുത്തി വിശദമായി പരിശോധിക്കും.
പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പത്മയുടെയും റോസ്ലിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് പരിശോധനയെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും സംഭവസ്ഥലത്ത് മൂന്നാമതൊരു മനുഷ്യബലി നടന്നിട്ടുണ്ടോയെന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ മായയ്ക്കും മർഫിക്കും പ്രത്യേക പരിശീലനമുണ്ട്.