യുഡിഎഫ് യോഗം ഇന്ന്; എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30നാണ് യോഗം. പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ യോഗത്തെ അറിയിക്കും.
ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യം, ഗവർണർ-സർക്കാർ പോരാട്ടം, സിൽവർലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം എന്നിവ യോഗം വിലയിരുത്തും. ഭാവി രാഷ്ട്രീയ പരിപാടികൾക്കും രൂപം നൽകും. വിഴിഞ്ഞം, എൻഡോസൾഫാൻ സമരങ്ങളിൽ സ്വീകരിക്കേണ്ട തുടർ സമീപനവും ചർച്ചയാകും. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. മുന്നണിയോഗത്തിൽ ലീഗ് നേതാക്കൾ വിഷയം ഉന്നയിക്കാനിരിക്കെ താൻ പറയാത്ത കാര്യങ്ങൾ ആണ് പ്രസിദ്ധീകരിച്ചതെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ യുവതി നൽകിയ പീഡനക്കേസിൽ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരിലെ എം.എൽ.എയുടെ വീട്ടിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. യുവതി രണ്ട് പുതിയ പരാതികൾ കൂടി നല്കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും പീഡനക്കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.