സാമ്പത്തികനയം പാളിയതില്‍ മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുതിയ നയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നാടിന്‍റെ നന്മ മാത്രമാണ് താൻ ആഗ്രഹിച്ചത്. എന്ത് സംഭവിച്ചാലും നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് പറഞ്ഞു.

മുൻ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറമി ഹണ്ട് പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദം കൂടുതൽ പ്രതിസന്ധിയിലായി. സാമ്പത്തിക നയത്തിന്‍റെ പേരിൽ വിമർശനം നേരിടുന്ന സമയത്താണ് ധനമന്ത്രിയെ മാറ്റി മുഖം രക്ഷിക്കാൻ ട്രസ് ശ്രമിച്ചത്.

ബ്രിട്ടീഷ് സർക്കാരിന് 60 ബില്യൺ പൗണ്ടിന്‍റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എന്നിരുന്നാലും, പുതിയ നടപടി ഒരു വർഷം 32 ബില്യൺ പൗണ്ട് സമ്പാദിക്കാൻ സഹായിക്കുമെന്ന് ഹണ്ട് പറയുന്നു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ, മൂന്നാഴ്ച മുമ്പ് നടപ്പാക്കിയ മിക്ക നയങ്ങളും പിന്‍വലിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഹണ്ട് അറിയിച്ചു.