ഗുജറാത്തിൽ ഭരണത്തിൽ വന്നാൽ 8 നഗരങ്ങളിൽ ഓരോ 4 കിലോമീറ്ററിലും സ്കൂളുകൾ നിർമിക്കുമെന്ന് എഎപി
അഹമ്മദാബാദ്: ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഗുജറാത്തിലെ എട്ട് നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി ഗുജറാത്തിൽ വ്യാപക പ്രചാരണമാണ് എഎപി നടത്തുന്നത്.
“ഗുജറാത്തിലെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് സ്കൂളുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂളുകൾ നിർമ്മിക്കുന്ന പാർട്ടിയെ അവർ തിരഞ്ഞെടുക്കും. സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ദുരുപയോഗം ചെയ്യുന്നവരെ അവർ ജയിലിൽ അടയ്ക്കും,” സിസോദിയ പറഞ്ഞു.
ഗുജറാത്തിലെ ആകെയുള്ള 48,000 സ്കൂളുകളിൽ 32,000 സ്കൂളുകളും മോശം അവസ്ഥയിലാണെന്നും സിസോദിയ പറഞ്ഞു. അധികാരത്തിലെത്തിയാൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജാംനഗർ, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ, ജനഗഡ് എന്നിവിടങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ നിർമ്മിക്കും. ഒരു വർഷത്തിനുള്ളിൽ, സ്വകാര്യ സ്കൂളിനേക്കാൾ മികച്ച സർക്കാർ സ്കൂളുകൾ ഇവിടെ ഉണ്ടാകുമെന്നും സിസോദിയ പറഞ്ഞു.