ഇൻസ്റ്റഗ്രാമിലെ തീതുപ്പും കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ കാർ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ ഈ കാർ വൈറൽ ആയിരുന്നു. കോളേജുകളിലടക്കം ആഘോഷങ്ങൾക്കായി നൽകിയിരുന്ന കാറായിരുന്നു ഇത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാർ ഇൻസ്റ്റാഗ്രാമിൽ വൻ ഹിറ്റായിരുന്നു. കോളേജ് ആഘോഷങ്ങളിൽ ഹീറോയായിരുന്നു ഈ കാർ. സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിലാണ് രൂപമാറ്റം ചെയ്തിരിക്കുന്നത്. എഞ്ചിനിൽ നിന്ന് ഒരു പ്രത്യേക പൈപ്പ് സൈലൻസറിലേക്ക് എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. പിന്നിൽ പോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് രൂപമാറ്റമെന്ന് എംവിഡി പറയുന്നു.
ഇതിനുപുറമെ, കാറിന് എട്ട് രൂപമാറ്റങ്ങളും ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹോണ്ട സിറ്റി കാർ രൂപമാറ്റം വരുത്തിയത്. മലപ്പുറം വെന്നിയൂരിലെ ഉടമയുടെ വീട്ടിലാണ് മോട്ടോർ വാഹന വകുപ്പ് കാർ പരിശോധിച്ചത്. ഒരു സാധാരണ കാർ വാടകയ്ക്ക് നൽകുന്നതിൻ്റെ ഇരട്ടിയിലധികം തുകയ്ക്കാണ് കാർ വാടകയ്ക്ക് നൽകിയിരുന്നത് എന്നാണ് വിവരം.