ഹിന്ദി തെരിയാത്; ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്
ചെന്നൈ: രാജ്യവ്യാപകമായി ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള പാർലമെന്‍ററി സമിതിയുടെ ശുപാർശയ്ക്കെതിരെ തമിഴ്നാട് പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്‍ററി സമിതിയുടെ ശുപാർശകൾ നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് പ്രമേയം പാസാക്കിയത്. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സ്പീക്കർ സംസാരിക്കാൻ അനുവദിച്ചില്ല.
തുടർന്ന് സഭയിൽ ബഹളമായതോടെ പ്രതിപക്ഷത്തെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ എം.അപ്പാവു ഹൗസ് മാർഷലുകളോട് ആവശ്യപ്പെട്ടു. ഇത് സഭയിൽ വലിയ കോലാഹലത്തിന് കാരണമായി. അതേസമയം അണ്ണാ ഡിഎംകെ വിമത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം പ്രമേയത്തെ സ്വാഗതം ചെയ്തു.