പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ 10 മുതൽ
തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുക്കും. നാല് മുതല്‍ ആറ് ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. 9497 വോട്ടുകളാണ് പോൾ ചെയ്തത്.
വലിയ അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. ഖാർഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം തരൂരിന് എത്രത്തോളം പിന്തുണയാണ് ലഭിക്കുക എന്ന ആകാംക്ഷയിലാണ് ഔദ്യോഗിക പക്ഷം. ആയിരത്തിലധികം വോട്ടുകൾ നേടി കരുത്ത് തെളിയിക്കാൻ കഴിയുമെന്നാണ് തരൂർ പക്ഷത്തിന്റെ കണക്കുകൂട്ടൽ.
93.48 ശതമാനമാണ് കേരളത്തിലെ പോളിംഗ് ശതമാനം. 307 വോട്ടുകളിൽ പോൾ ചെയ്തത് 287 വോട്ടുകളാണ്. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിന് ലഭിക്കുന്ന വോട്ടുകളിൽ സംസ്ഥാന കോൺഗ്രസിനും ആകാംക്ഷയുണ്ട്. പ്രചാരണത്തിൽ കണ്ട അതേ ആവേശം തരൂരിന് ലഭിക്കുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാൽ തന്നെ വൻ നേട്ടമാകും.