ആര്യൻ ഖാനെതിരായ കേസിൽ ഇടപെടൽ; എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. എൻസിബിയുടെ ആഭ്യന്തര അന്വേഷണത്തിൽ സംശയാസ്പദമായ ഇടപെടൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ആര്യൻ ഖാനെയും മറ്റ് അഞ്ച് പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് എൻസിബി നിയോഗിച്ച വിജിലൻസ് സംഘം നിർണായക കണ്ടെത്തലുകൾ നടത്തിയത്. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് നേതൃത്വം നൽകിയ എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയാസ്പദമായ ഇടപെടൽ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ലഹരി മരുന്ന് പിടിച്ചെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ശരിയായി പാലിച്ചില്ല. പ്രതികളോട് പ്രത്യേക സമീപനമാണ് സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിൽ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.