സ്റ്റാറ്റസ് റിയാക്ഷൻ; പുത്തൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്

‘മെസേജ് റിയാക്ഷന്’ ശേഷം വാട്ട്സ്ആപ്പ് പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചത്. ഇത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ ഫീച്ചറിന് തുല്യമാണ്.

നിലവിൽ, എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണ് തിരഞ്ഞെടുക്കാൻ ഉള്ളത്. എന്നിരുന്നാലും, മെസ്സേജ് റിയാക്ഷനിൽ നിലവിലുള്ളത് പോലെ, ഭാവിയിൽ ആവശ്യമുള്ള ഇമോജികൾ അയയ്ക്കുന്നതിനുള്ള സവിശേഷതയും സ്റ്റാറ്റസ് റിയാക്ഷനിലേക്ക് വന്നേക്കാം. ഈ ഫീച്ചർ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.

ഇതിന് പുറമെ കോൾ ലിങ്ക് എന്ന ഫീച്ചറും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റിലും സൂമിലും ചെയ്യുന്നതുപോലെ ഗ്രൂപ്പ് കോളുകളിലേക്ക് ലിങ്കുകൾ സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. അതിനാൽ ആളുകൾക്ക് എളുപ്പത്തിൽ ഗ്രൂപ്പ് കോളുകളിൽ ചേരാൻ കഴിയും.