ക്രൈം നന്ദകുമാറിന്‍റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്
കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണാ ജോർജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി.
പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. വീണാ ജോർജിനും മറ്റ് എട്ട് പേർക്കുമെതിരെ എറണാകുളം നോർത്ത് പൊലീസ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. വീണാ ജോർജിനെ അപകീർത്തിപ്പെടുത്തിയതിന് നന്ദകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
വനിതാ മന്ത്രിയുടെ വ്യാജ അശ്ലീല ദൃശ്യങ്ങൾ ചമയ്ക്കാൻ നിർബന്ധിക്കുകയും അതിന് വഴങ്ങാത്തതിന് സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജീവനക്കാരി എറണാകുളം നോർത്ത് പൊലീസിലാണ് പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി.