വിപണിയിൽ ശക്തമായ മുന്നേറ്റവുമായി ടാറ്റ ഇവി
ടാറ്റ മോട്ടോഴ്സ് 2022 ലെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ മറ്റെല്ലാ ഇവി നിർമ്മാതാക്കളെയും അപേക്ഷിച്ച് വിൽപ്പനയിൽ വർധന. നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ വിജയത്തെ അടിസ്ഥാനമാക്കി, പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിലെ വിപണി വിഹിതം മുൻ വർഷത്തേക്കാൾ 10 ശതമാനം കൂട്ടി 90 ശതമാനമായി ഉയർത്തി. ടിയാഗോ ഇവി അടുത്ത വർഷം ആദ്യം ലോഞ്ച് ചെയ്യാൻ ഒരുങ്ങുമ്പോൾ, വരും വർഷങ്ങളിൽ ഇവി വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് പൂർണ്ണമായ ആധിപത്യം തേടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ, ടാറ്റ മോട്ടോഴ്സ് അവരുടെ നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുൾപ്പെടെ ഏകദേശം 30,000 ഇലക്ട്രിക് കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും ഇരട്ടിയാണിത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ ഒന്നാം നമ്പർ ചോയ്സായി തുടരുന്ന നെക്സോൺ ഇവിക്ക് ഇപ്പോൾ ഈ വിഭാഗത്തിൽ 66 ശതമാനം വിപണി വിഹിതമുണ്ട്. ഈ വർഷം ഇതുവരെ 21,997 യൂണിറ്റ് നെക്സോൺ ഇവി വിറ്റഴിച്ചു. ടിഗോർ ഇവി 7,903 യൂണിറ്റുകളും 24 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ്.