ജംഹറിനെതിരെ കാപ്പ ചുമത്തിയ കേസിനെതിരെ നൽകിയ ഹർജി കോടതി തള്ളുന്ന ഘട്ടത്തിൽ പിൻവലിച്ചു
ന്യൂഡൽഹി: കാപ്പ നിയമപ്രകാരം ജയിലിലടയ്ക്കുന്നതിനെതിരെ കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ പിൻവലിച്ചു. ബുഷർ ജംഹറിന്‍റെ അമ്മ ടിഎം ജഷീലയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാഷ്ട്രീയ വൈരാഗ്യം കാരണം 100 ദിവസത്തിലേറെയായി കാപ്പ ചുമത്തി വിദ്യാർത്ഥി നേതാവ് ബുഷർ ജംഹർ ജയിലിൽ കഴിയുകയാണെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യത്തെ തുടർന്നാണ് കേസ് ഇന്ന് പരിഗണിച്ചത്.
തിരുവനന്തപുരത്ത് ലോ അക്കാദമിയിലെ നിയമവിദ്യാർത്ഥിയാണ് ബുഷർ ജംഹർ. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി, കെ.പി.സി.സി കായികവേദി ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് എന്നീ പദവികൾ ബുഷറിനുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2022 ജൂൺ 27നാണ് ബുഷർ അറസ്റ്റിലായത്.