അതിർത്തി ഗ്രാമങ്ങൾ അവസാനത്തേതല്ല: ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉത്തരാഖണ്ഡ്: അതിർത്തിയിലെ ഗ്രാമങ്ങൾ അവസാന ഗ്രാമങ്ങളല്ല, ആദ്യത്തെ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഗ്രാമങ്ങളെ ആദ്യത്തെ ഗ്രാമങ്ങളായി കണക്കാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഉത്തരാഖണ്ഡ് ക്ഷേത്ര സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യം കൊളോണിയൽ അടിമത്തത്തിൽ നിന്ന് പുറത്തുവരണമെന്ന് മോദി ആവർത്തിച്ചു. പ്രാദേശികമായി നിർമ്മിച്ച സാധനങ്ങൾ വാങ്ങാൻ യാത്രാ ചെലവിന്റെ അഞ്ച് ശതമാനമെങ്കിലും ചെലവഴിക്കണമെന്നും മോദി രാജ്യത്തെ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
മുൻ സർക്കാരുകൾ കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വികസനം കൊണ്ടുവന്നത് സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇപ്പോൾ അങ്ങനെയല്ല. ഇരട്ട എഞ്ചിനുള്ള സർക്കാർ വന്നതോടെ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവെന്നും മോദി അവകാശപ്പെട്ടു. ക്ഷേത്രം സന്ദർശിക്കാനും അനുഗ്രഹം നേടാനും കഴിഞ്ഞത് ഭാഗ്യമായി താൻ കരുതുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ മന ഗ്രാമത്തിൽ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.