41 വര്‍ഷം പഴക്കമുള്ള ഡയാനയുടേയും ചാള്‍സിന്റേയും വിവാഹക്കേക്ക് ലേലത്തില്‍ വിറ്റു

ബ്രിട്ടൻ: ഡയാന രാജകുമാരിയുടെയും ചാൾസ് രാജാവിന്‍റെയും 41 വർഷം പഴക്കമുള്ള വിവാഹ കേക്ക് ലേലത്തിൽ വിറ്റു. 15,864 രൂപയ്ക്കാണ് യുകെയിലെ ഡോർ ആൻഡ് റീസ് ലേലത്തിൽ വച്ച കേക്ക് വിറ്റത്. രാജകീയ വിവാഹച്ചടങ്ങിലെ ഒരു കഷണം കേക്കിന് ഏകദേശം 27,000 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയാണ് ലേലത്തിൽ ലഭിച്ചത്.

അന്നത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത നിഗൽ റിക്കറ്റ്സ് 41 വർഷം ഈ കേക്ക് സൂക്ഷിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷമാണ് ഇവർ മരിച്ചത്. 3,000 ലധികം അതിഥികളാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.

കേക്ക് അതിന്‍റെ ഒറിജിനൽ ബോക്സിലാണ് സൂക്ഷിച്ചിരുന്നത്. 23 ഔദ്യോഗിക വിവാഹ കേക്കുകളാണ് അന്ന് ഉണ്ടായിരുന്നത്. അഞ്ച് പാളികളുള്ള അഞ്ചടി ഉയരമുള്ള ഒരു ഫ്രൂട്ട് കേക്കിന്റെ കഷണമാണ് ലേലം ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, ഇത് മധ്യഭാഗത്തെ കേക്ക് കഷണം ആണ്. 2014 ൽ ഇതേ കേക്കിന്‍റെ മറ്റൊരു കഷണം 1,27,000 രൂപയ്ക്ക് വിറ്റിരുന്നു.