ദീപോത്സവത്തിനൊരുങ്ങി രാജ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയില്‍
ന്യൂഡല്‍ഹി: ദീപാവലി ഉത്സവത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ ഉത്തർപ്രദേശിലെ അയോധ്യയിലെത്തും. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി രാമക്ഷേത്രവും സന്ദർശിക്കും. ഒക്ടോബർ 23 ന് വൈകുന്നേരം 5 മണിയോടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി
ഭഗവാൻ രാംലാല വിരാജ്മാന്റെ ദർശനവും പൂജയും നടത്തും. ഇതിന് ശേഷം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ സ്ഥലം പരിശോധിക്കും.
തുടർന്ന് ഭഗവാൻ ശ്രീരാമന്റെ പ്രതീകാത്മക രാജ്യാഭിഷേകം നിർവഹിക്കും. വൈകിട്ട് 6.30 ഓടെ സരയൂ നദിയിലെ ന്യൂഘട്ടിൽ നടക്കുന്ന ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ദീപോത്സവത്തിന്റെയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെയും പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രധാനമന്ത്രി ദീപോത്സവത്തിൽ പങ്കെടുക്കുന്നത്.
രാംലീല ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മോസ്കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും. ദിശ-ഇന്ത്യ റഷ്യ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയാണ് മോസ്കോയിൽ നിന്നുള്ള 12 കലാകാരന്മാർ അടങ്ങുന്ന സംഘത്തെ പരിശീലിപ്പിച്ചതും ഏകോപിപ്പിച്ചതും. ഗെന്നഡി പിച്ച്നിക്കോവ് മെമ്മോറിയൽ റഷ്യൻ രാം ലീല ടീമും ദിശയും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായാണ് രാംലീല അവതരിപ്പിക്കുന്നത്.