ഭരണാഘടനാ ഭേദഗതി ഉറപ്പിച്ച് ചൈന; പാര്‍ട്ടിയെ കൈപിടിയിലൊതുക്കി ഷി ജിന്‍പിംഗ്
ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുന്നു. ഭേദഗതിക്കുള്ള അനുമതി പാര്‍ട്ടി കോൺഗ്രസ് നല്‍കുകയായിരുന്നു. ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ചൈനയില്‍ നടക്കുന്നത്. ഷി ജിന്‍ പിംഗിന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
മൂന്നാമതൊരു ടേം കൂടി ഷി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും ഇതോടെ ഉറപ്പായി. ഏഴ് ദിവസത്തോളം നീണ്ടുനിന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിച്ചു. ഉന്നത നേതാക്കളുമായി ഷി ജിന്‍പിംഗ് ഈ ദിവസങ്ങളില്‍ സംസാരിച്ചു. ഒന്നും നോക്കാതെ കഠിനാധ്വാനം ചെയ്യൂവെന്നും, മുന്നോട്ട് പോകാന്‍ തീരുമാനിച്ചിറങ്ങണമെന്നും ഷി ജിന്‍ പിംഗ് പ്രതിനിധികളോട് പറഞ്ഞു. ഷി ജിന്‍ പിംഗിനെ പാര്‍ട്ടിയുടെ പ്രധാന നേതാവാക്കി മാറ്റുന്നതിനാണ് ഭരണഘടനാ ഭേദഗതി നടത്തുന്നത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന ഷിയുടെ റോള്‍ ഇനിയും തുടരും.
ഞായറാഴ്ച്ചയാണ് ഷി ജിന്‍ പിംഗിന്റെ മൂന്നാം ടേമിന്റെ കാര്യവും പ്രഖ്യാപിക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മൂന്നാം തവണയും പ്രസിഡന്റായി ഷി ജിന്‍പിംഗിനെ തിരഞ്ഞെടുക്കും. പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വാധീനം ഏകപക്ഷീയമായി ഉറപ്പിക്കുകയാണ് ഷി ചെയ്തത്. ശനിയാഴ്ച്ചയാണ് കേന്ദ്ര കമ്മിറ്റി ചേരുക. തുടര്‍ന്ന് പിബി രൂപീകരിക്കും. ഇവരാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഏറ്റവും ശക്തരായ ഏഴംഗങ്ങളാണ് ഇതിലുണ്ടാവുക. അത് പിബിയാണ് തിരഞ്ഞെടുക്കുക. പാര്‍ട്ടി നടപടിക്രമങ്ങള്‍ പ്രകാരം സ്റ്റാന്‍ഡിംഗ് കമ്മിറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. 2012 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് 69കാരനായ ഷി ജിന്‍ പിംഗ്, ഈ വര്‍ഷമാണ് പത്ത് വര്‍ഷം അധികാര കേന്ദ്രത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ദേഹത്തെ മൂന്നാം വട്ടവും തിരഞ്ഞെടുക്കും. രണ്ട് തവണ അധികാരത്തിലിരുന്ന ശേഷം മാറുന്നതാണ് ചൈനയിലെ രീതി. അതാണ് ഷി ജിന്‍പിംഗ് തിരുത്തിയത്.