എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ റിപ്പോർട്ട് നവംബര്‍ 25നകം നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് നിർദേശം നൽകാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
എൻഡോസൾഫാൻ രോഗികളുടെ എല്ലാ ചികിത്സാ കേന്ദ്രങ്ങളും സന്ദർശിച്ച് സൗകര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 18നാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
എന്നാൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ഇതുവരെ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറാനുള്ള നിര്‍ദേശം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് കൈമാറാന്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചത്.