തലശ്ശേരി ആശുപത്രിയിലെ കൈക്കൂലി ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തലശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി യുവാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2,000 രൂപയും അനസ്തീഷ്യ ഡോക്ടർക്ക് 3,000 രൂപയും നൽകേണ്ടി വന്നെന്നാണ് തലശേരി സ്വദേശിയായ യുവാവ് പരാതിപ്പെട്ടത്. ചികിത്സയ്ക്കായി എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങാറുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ചിന്തിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.
അതേസമയം, ഡോക്ടർമാരാരും ആശുപത്രിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്ടീസ് ഉള്ളതിനാൽ വീട്ടിൽ നിന്ന് വാങ്ങാറുണ്ടോ എന്ന് അറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ ഉച്ചയോടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ വന്ന് കണ്ട് പരാതി നൽകി. അത് രേഖാമൂലം നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അത് നൽകിയില്ല.
അനസ്തേഷ്യ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. സ്ഥിരമായി ജോലി ചെയ്യേണ്ടി വരുമ്പോൾ പുറത്ത് നിന്ന് ഒരു പാനലുണ്ടാക്കി അവരെ വിളിക്കുകയാണ് പതിവ്. ഇവർക്ക് നൽകുന്ന 2,000 രൂപ മതിയാകാതെ വരുമ്പോൾ കൂടുതൽ പണം നൽകാൻ ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടിരിക്കാമെന്നും സൂപ്രണ്ട് വിശദീകരിച്ചു.