ബെംഗളൂരുവിനെ തകർത്തു; പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ഹൈദരാബാദ്
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഹൈദരാബാദ് എഫ്സി ബെംഗളൂരു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ബര്‍ത്തളൊമ്യൂ ഒഗ്ബെച്ചെ ആണ് ഗോൾ നേടിയത്. മത്സരത്തിൽ ഹൈദരാബാദിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ജയത്തോടെ നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് അവർക്കുള്ളത്.
4 പോയിന്റുള്ള ബെംഗളൂരു നാലാം സ്ഥാനത്താണ്. സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഗ്രൗണ്ടിൽ ഹോം ടീം ആധിപത്യം പുലർത്തി. എന്നാൽ സ്കോർ ചെയ്യാൻ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ബോർജ ഹെരേരയുടെ കോർണർ കിക്ക് ആണ് ഗോളിന് വഴിയൊരുക്കിയത്. ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിന് കിക്ക് കയ്യിലൊതുക്കാനായില്ല. ഒഗ്ബെച്ചെ അത് മുതലെടുത്താണ് വല കുലുക്കിയത്. ഏഴ് മിനിറ്റ് സമയം ശേഷിച്ചെങ്കിലും ബെംഗളൂരുവിന് തിരിച്ചടിക്കാനായില്ല.