കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി മാത്രം പോരാ തെളിവും വേണമെന്ന് കോടതി
കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പൊലീസിന്റെ പിടിപ്പുകേട് മൂലമാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യയെന്ന കേസ് സാധാരണ മരണമായി മാറിയതെന്ന് കോടതി പറഞ്ഞു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരുടെ വിടുതൽ ഹർജിയിലാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികൾക്കെതിരായ സെഷൻസ് കുറ്റങ്ങൾ ഒഴിവാക്കാൻ കാരണം പ്രാരംഭ ഘട്ടത്തിൽ പൊലീസ് കാണിച്ച ഉത്സാഹക്കുറവാണെന്ന് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു. അപകടം നടന്ന് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പൊലീസിന് ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് അറിയാമായിരുന്നു. മദ്യത്തിന്റെ മണം ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പറയപ്പെടുന്നു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചില്ല.
നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രമല്ല, തെളിവുകളും ആവശ്യമാണെന്നറിയില്ലേയെന്നും കോടതി ചോദിച്ചു. പ്രതി ശ്രീറാം മദ്യലഹരിയിൽ അറിഞ്ഞുകൊണ്ട് വാഹനം ഓടിച്ച് കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും കുറ്റപത്രത്തിലില്ല. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം നടത്തേണ്ടിയിരുന്ന നിയമനടപടികൾ എന്തുകൊണ്ട് പൊലീസ് സ്വീകരിച്ചില്ല എന്നതായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. തലയ്ക്കേറ്റ ക്ഷതം മൂലമാണോ ബഷീർ മരിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.