ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് തുടർച്ചയായ വ്യാജ പ്രചാരണമാണ്, അതിനൊന്നും മറുപടി പറയേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് വേണമെങ്കിൽ കേസ് ഫയൽ ചെയ്യുന്ന കാര്യം പരിശോധിക്കാം, സി.പി.എം ഓടിപ്പോകില്ല. സ്വപ്ന പറയുന്ന കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അന്നും ഇന്നും നേതാക്കൻമാരുടെ കാര്യത്തിൽ ഒരു സംശയവുമില്ല. അവരോട് ചോദിക്കേണ്ട ആവശ്യമില്ല. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണം. പ്രതികൾ രക്ഷപ്പെടാൻ പല വഴികളും ഉപയോഗിക്കും. സ്വപ്നയുടെ ആരോപണത്തെ എൽദോസിന്റെ കേസുമായി ബന്ധിപ്പിക്കരുത്. എൽദോസിനെതിരെയുള്ളത് ബലാത്സംഗ കേസാണ്”, എം.വി ഗോവിന്ദൻ പറഞ്ഞു.