സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപിടുത്തം
ആന്ധ്ര പ്രദേശ്: സിനിമയുടെ പ്രദർശനം നടക്കുന്നതിനിടെ ആരാധകരുടെ ആവേശം അതിര് വിട്ടതോടെ തിയേറ്ററിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് പ്രഭാസ് ആരാധകരുടെ ആവേശത്തിൽ തീപിടുത്തമുണ്ടായത്. പ്രഭാസ് നായകനായ ബില്ലയുടെ പ്രദർശനത്തിനിടെയായിരുന്നു സംഭവം.
പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച്, നടന്റെ ‘ബില്ല’ പ്രദേശത്തെ വെങ്കടരമണ തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്തു. നായകന്റെ മാസ് രംഗം വന്നപ്പോൾ ആവേശഭരിതരായ ആരാധകർ സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ചു. തീ അതിവേഗം ഇരിപ്പിടങ്ങളിലേക്ക് പടർന്നതോടെ തിയേറ്ററിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
തിയേറ്റർ ജീവനക്കാരാണ് സിനിമയ്ക്കെത്തിയ ഏതാനും പേരുടെ സഹായത്തോടെ തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നുമാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്.