ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായി ദീപാവലി ആഘോഷിക്കാത്ത തമിഴ്ഗ്രാമങ്ങൾ

ചെന്നൈ: വെട്ടങ്കുടിപട്ടി, കൊല്ലങ്കുടിപട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ 50 വർഷമായി ദീപാവലി ആഘോഷിക്കാറേയില്ല. ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായാണ് ഗ്രാമനിവാസികൾ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. ശിവഗംഗ മധുര റോഡിൽ തിരുപുത്തൂരിനടുത്തുള്ള വെട്ടങ്കുടിപട്ടി, കൊല്ലങ്കുടിപട്ടി ഗ്രാമത്തിലായി വിശാലമായ പക്ഷി സങ്കേതവും സ്ഥിതി ചെയ്യുന്നു.

7,000 ലധികം വിദേശ ഇനം പക്ഷികളാണ് പ്രജനനത്തിനായി ഗ്രാമങ്ങളിലെത്തുന്നത്. സെപ്റ്റംബർ മുതൽ മാർച്ച് വരെ,അവ വെള്ളത്തിൽ വളരുന്ന മരങ്ങളിൽ കൂടുണ്ടാക്കുകയും മുട്ടകൾ വിരിയിക്കുകയും ചെയ്യുമ്പോൾ,പക്ഷികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കാനും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഗ്രാമത്തിലെത്തുന്ന അതിഥികളായാണ് അവർ പക്ഷികളെ കാണുന്നത്. അതിനാൽ ദീപാവലി മാത്രമല്ല 50 വർഷമായി ഗ്രാമത്തിൽ നടന്ന ആഘോഷങ്ങൾ, വിവാഹങ്ങൾ, മൃതശരീരം വഹിച്ചുള്ള യാത്രകൾ എന്നിവയിൽ നിന്നെല്ലാം പടക്കങ്ങൾ ഒഴിവാക്കപെട്ടിരിക്കുന്നു.
തലമുറകൾ പിന്നിട്ടിട്ടും, പക്ഷികളെ സംരക്ഷിച്ചു വരുന്ന ഗ്രാമവാസികളുടെ നന്മയെ മധുരപലഹാരങ്ങൾ നൽകിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചത്.