ടയർ കടയിൽ നിന്ന് വടിവാളുകള്‍ കണ്ടെടുത്ത സംഭവം; പിഎഫ്ഐ നേതാവ് അറസ്റ്റില്‍
വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ നിന്ന് കഴിഞ്ഞ മാസമാണ് നാല് വടിവാളുകൾ പിടിച്ചെടുത്തത്. പിന്നീട് ഒളിവിൽ പോയ സലീം ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സലീമിനെ ടയർ കടയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം തൃശൂർ ചാവക്കാട് പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് മുൻ ഭാരവാഹികളെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം (49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനെതിരെ പ്രതികളുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ചങ്ങാടി ജംഗ്ഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു. ഗുരുവായൂർ എസ്ഡിപിഒ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാൽ, എസ്.ഐമാരായ വിജിത്ത് കെ.വി, കണ്ണൻ പി. ബിജു, എസ്.സി.പി.ഒമാരായ മണികണ്ഠൻ, സന്ദീപ്, പ്രവീൺ സൗദാമിനി, സി.പി.എമാരായ വിനീത് പ്രദീപ്, യൂനുസ്, അനസ്, രൺദീപ്, ബൈജു, പ്രശോബ്, ജയദേവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.