കോടതിയലക്ഷ്യ കേസ്; ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പു പറയണമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. ബൈജു കൊട്ടാരക്കരയുടെ നടപടി ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതി ജഡ്ജിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കോടതിയലക്ഷ്യ കേസിലാണ് നടപടി. ചാനൽ ചർച്ചയ്ക്കിടെയാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ സംസാരിച്ചത്. സംഭവത്തിൽ ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നേരത്തെ കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. പരാമർശത്തിൽ ക്ഷമ ചോദിക്കുന്നതായും ബൈജു പറഞ്ഞു. തുടർന്ന് ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.