എൽദോസിനെതിരെ പുതിയൊരു കേസ് കൂടി
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമച്ച് കേസിൽ നിന്ന് പിൻമാറാൻ ശ്രമിക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് മൊഴി നൽകിയത്. ഈ കേസിൽ പരാതിക്കാരിയുടെ മൊഴി വഞ്ചിയൂർ പൊലീസ് നാളെ രേഖപ്പെടുത്തും.
പീഡനക്കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുക. നാളെ അപ്പീൽ സമർപ്പിക്കാനാണ് സാധ്യത. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. പീഡനക്കേസിലും വധശ്രമ കേസിലും മതിയായ തെളിവുകളുണ്ടെന്നും അതിനാൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അപ്പീൽ നൽകണമെന്നും ജില്ലാ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്.