ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം
ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും ഇത്തരം ഗെയിമുകൾ വ്യാപകമായി കളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിതല സമിതിയുടെ നിർദ്ദേശം.
അതത് ഐഡികളിൽ രജിസ്റ്റർ ചെയ്ത മുഖം അടിസ്ഥാനമാക്കിയായിരിക്കും ബയോമെട്രിക്സ് പ്രവർത്തിക്കുക. മാതാപിതാക്കളുടെയും മറ്റ് മുതിർന്നവരുടെയും മുഖം രജിസ്റ്റർ ചെയ്ത ഐഡികൾ ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് നിയന്ത്രിക്കാൻ ഇതുവഴി കഴിയും. നിലവിൽ ചൈനയിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഇതിനായി പരിഗണിക്കും. ഓൺലൈൻ ഗെയിമുകൾ വഴി സാമ്പത്തിക നഷ്ടമുണ്ടാക്കുകയും സ്വയം ജീവൻ എടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിതല സമിതിയുടെ നിർദേശം തേടിയത്.
ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്കായി പ്രത്യേക കേന്ദ്ര ചട്ടക്കൂട് നിർമ്മിക്കാനും, ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികൾ, കളിക്കാരുടെ സംരക്ഷണം, ഡാറ്റ പരിരക്ഷ, പരസ്യ നിയന്ത്രണങ്ങൾ എന്നിവ അതിൽ ഉൾക്കൊള്ളിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഓൺലൈൻ ഇടങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനാണ് ഇതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.