ഗവർണറെ പ്രകോപിപ്പിച്ച പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതിനപ്പുറം ഒന്നുമില്ലെന്നും താൻ മറ്റൊന്നും പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ബാലഗോപാൽ പ്രസംഗത്തിൽ ഒരു പ്രശ്നവുമില്ലെന്നും കൂട്ടിച്ചേർത്തു. രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്നറിയില്ലെന്നും ബാലഗോപാൽ പറഞ്ഞു. എകെജി സെന്‍ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രി കെ എൻ ബാലഗോപാലിൽ പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കഴിഞ്ഞ 18ന് കേരള സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. ബനാറസ് ഹിന്ദു സർവകലാശാലയിലെ സംഭവം വിശദീകരിച്ച മന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ അവസ്ഥ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.

രാജ്യത്തിന്‍റെ ഐക്യം തകർക്കുന്ന ബോധപൂർവമായ പരാമർശമാണ് മന്ത്രി നടത്തിയത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്‍റെ അന്തസ്സ് തകർക്കാനും ബാലഗോപാൽ ശ്രമിച്ചെന്ന് കത്തിൽ പറയുന്നു. ഇത് ഗൗരവമായി പരിഗണിച്ച് ഭരണഘടന അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ, ധനമന്ത്രിയുടെ പ്രവർത്തനത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടെന്നും ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്താൻ മാത്രം മന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യമുണ്ട്. അതിനാൽ തുടർനടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ അറിയിച്ചു.