സോളാർ പീഡനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേയ്ക്കു മാറ്റിവച്ചു

കൊച്ചി: ബലാത്സംഗക്കേസുകളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ജോസ് കെ മാണി, എഡിജിപിമാരായ പത്മകുമാർ, എം ആർ അജിത് കുമാർ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ കൂടി സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

കോടതിയുടെ നോട്ടീസിൻ മേൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരും സി.ബി.ഐയും സാവകാശം തേടിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ ഒരു കേസ് അവസാനിപ്പിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി സി.ബി.ഐ അറിയിച്ചു.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടെങ്കിലും നാല് പ്രതികളുടെ പേരുകൾ മാത്രമാണ് സി.ബി.ഐ പ്രതിചേർത്തിരിക്കുന്നത്. എല്ലാവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണം നടത്താൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.