പെര്‍ത്തില്‍ വന്‍ അട്ടിമറി; സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി
പെര്‍ത്ത്: പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ഒരു റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റതോടെ സെമിയിലെത്താനുള്ള പാകിസ്ഥാന്‍റെ സാധ്യതകൾ തുലാസിലായി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. ബാബർ അസം (4), മുഹമ്മദ് റിസ്വാൻ (14) എന്നിവരെ വെറും 23 റൺസിന് പാകിസ്താന് നഷ്ടമായി. മൂന്നാം നമ്പറിൽ ഇറങ്ങിയ ഷാൻ മസൂദ് (44) മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. മുഹമ്മദ് നവാസ് (22) മികച്ച രീതിയിൽ ശ്രമിച്ചെങ്കിലും അവസാന ഓവറിൽ വീണതോടെ കാര്യങ്ങൾ സിംബാബ്‌വെയ്ക്ക് അനുകൂലമായി.
ഇഫ്തിഖർ അഹമ്മദ് (5), ഷദാബ് ഖാൻ (17), ഹൈദർ അലി (0), ഷഹീൻ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. പാകിസ്താനു വേണ്ടി സിക്കന്ദർ റാസ മൂന്നു വിക്കറ്റ് വീഴ്ത്തി. ബ്രാഡ് ഇവാൻസിന്‍റെ പേരിൽ രണ്ട് വിക്കറ്റുണ്ട്. നേരത്തെ മുഹമ്മദ് വസീമും ഷദാബ് ഖാനും ചേർന്ന് സിംബാബ്‌വെയെ പുറത്താക്കിയിരുന്നു. വസീം നാല് വിക്കറ്റും ഷദാബ് മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റൺസെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ.