Latestസ്‌പോര്‍ട്‌സ്‌

വീണ്ടും മഴ ചതിച്ചു; അഫ്ഗാനിസ്ഥാൻ-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചു

മെല്‍ബണ്‍: ടി20 ലോകകപ്പിൽ മഴ മൂലം വീണ്ടും കളി ഉപേക്ഷിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള സൂപ്പർ 12 മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്. സൂപ്പർ 12ലെ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിക്കുന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ അഫ്ഗാനിസ്ഥാന്‍റെ സൂപ്പർ 12 മത്സരവും മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയെത്തിയ അയർലൻഡിന് മഴ കാരണം കളി ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാൽ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയർലൻഡ്.

മൂന്ന് കളികളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഫലമില്ലാതെ പോയ മത്സരത്തില്‍ നിന്ന് ലഭിച്ച ഒരു പോയിന്‍റും ഉൾപ്പെടെ മൂന്ന് പോയിന്‍റുമായി അയർലൻഡ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്‍റുള്ള ന്യൂസിലൻഡാണ് പട്ടികയിൽ ഒന്നാമത്. രണ്ട് കളികളിൽ നിന്ന് രണ്ട് പോയിന്‍റുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും മൂന്ന് കളികളിൽ നിന്ന് രണ്ട് പോയിന്‍റുമായി അഫ്ഗാനിസ്ഥാൻ അഞ്ചാമതുമാണ്. ആതിഥേയരും ലോക ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ അവസാന സ്ഥാനത്താണ്.