Latestസ്‌പോര്‍ട്‌സ്‌

ടി-20 ലോകകപ്പിൽ മഴ വില്ലനാകുന്നു; ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരവും ഉപേക്ഷിച്ചു

മെല്‍ബണ്‍: മഴ ശക്തമായതോടെ ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ 12 മത്സരവും ഉപേക്ഷിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മഴ തോരാന്‍ ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ടീമുകൾ പോയിന്‍റ് പങ്കിട്ടു. മെല്‍ബണിലെ ഔട്ട്ഫീൽഡ് കനത്ത മഴയിൽ നനഞ്ഞിരുന്നു.

സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ ഏറെ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും വലിയ തിരിച്ചടിയായി. 

ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള സൂപ്പർ 12 മത്സരവും ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. മെൽബണായിരുന്നു മത്സരത്തിന്റെ വേദി. സൂപ്പർ 12ലെ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിച്ചിരിക്കുന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ അഫ്ഗാനിസ്ഥാന്‍റെ സൂപ്പർ 12 മത്സരവും മഴ കാരണം കളിച്ചിരുന്നില്ല.