പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളത്തിന് ഇനി സ്ഥാപനത്തിന്റെ മികവ് മാനദണ്ഡമാക്കും
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇനി സ്ഥാപനത്തിന്റെ മികവ് മാനദണ്ഡമാകും. സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയ ശേഷം വജ്രം, സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ തരംതിരിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും മാനേജിംഗ് ഡയറക്ടർമാരുടെയും ശമ്പള ഘടന ഏകീകരിക്കും.
ഒരേ പദവിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന് സമാനരൂപമുണ്ടാകും. റിയാബ് മുൻ ചെയർമാൻ എൻ. ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി എന്നിവയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 4 മാസത്തിനകം ഈ ജീവനക്കാരുടെ ശമ്പള ഘടന ഏകീകരിക്കുന്നതിനുള്ള ശുപാർശകൾ സമിതി സമർപ്പിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉത്പാദനം, അടിസ്ഥാനവികസനം, ധനകാര്യം, സര്‍വീസസ്/ ട്രേഡിങ്/കണ്‍സല്‍ട്ടന്‍സി, കൃഷി, തോട്ടം, മൃഗപരിപാലനം, ട്രേഡിങ് ആന്‍ഡ് വെല്‍ഫെയര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളായി വിഭജിക്കും. സ്കോറിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തും. മൂന്ന് വർഷത്തിലൊരിക്കൽ സ്കോർ അവലോകനം ചെയ്യും.