ഗുജറാത്തിൽ സി-295 വിമാന നിർമ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
വഡോദര: വിമാന നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യതയൊരുക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗുജറാത്തിലെ വഡോദരയിൽ സി 295 സൈനിക ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുന്നതിനുള്ള ടാറ്റ – എയർബസിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാന്‍റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. ഇതോടെ സൈനിക ഗതാഗത എയർക്രാഫ്റ്റ് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിക്കും.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിച്ചു. ടാറ്റ ഇന്ത്യൻ വ്യോമസേനയ്ക്കായാണ് സി-295 വിമാനം നിർമ്മിക്കുന്നത്. ആകെ 40 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമ്മിക്കുന്നത്.
പുരോഗതിയുടെ ഒരു പ്രധാന വശം ചിന്താഗതിയുടെ മാറ്റമാണ്. സർക്കാരിന് മാത്രമേ എല്ലാം അറിയൂ, തങ്ങൾക്ക് മാത്രമേ എല്ലാം ചെയ്യാൻ കഴിയൂ എന്ന മനോഭാവത്തിലാണ് ദീർഘകാലമായി സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഈ മനോഭാവം രാജ്യത്തിന്‍റെ പ്രതിഭകളെ അടിച്ചമർത്തിയെന്നും സ്വകാര്യമേഖലയെ വളരാൻ അനുവദിച്ചിട്ടില്ലെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.