പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ; ലീഗിന്റെ ഹർജി പ്രധാന ഹർജിയായി പരിഗണിക്കും
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഡിസംബർ ആറിലേക്ക് മാറ്റി. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ പ്രധാന ഹർജിയായി മുസ്ലിം ലീഗിന്‍റെ ഹർജി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. അസമിൽ നിന്നും ത്രിപുരയിൽ നിന്നുമുള്ള ഹർജികൾ പ്രത്യേകം പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 200 ഓളം ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ അമ്പത് ഹർജികൾ അസമിൽ നിന്നും, മൂന്ന് എണ്ണം ത്രിപുരയിൽ നിന്നുമുള്ളതാണ്. ഈ 53 ഹർജികളും പ്രത്യേകം പരിഗണിക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
അവശേഷിക്കുന്ന ഹർജികളിൽ മുസ്ലിം ലീഗിന്‍റെ ഹർജി പ്രധാന ഹർജിയായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മൂന്ന് പേജിൽ കൂടാതെ തങ്ങളുടെ വാദങ്ങൾ മുസ്ലിം ലീഗിന്‍റെ അഭിഭാഷകർക്ക് കൈമാറാൻ മറ്റ് ഹർജിക്കാർക്ക് സുപ്രീം കോടതി നിർദേശം നൽകി. മുസ്ലിം ലീഗിന്‍റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡായ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും തുഷാർ മേത്തയുടെ ജൂനിയറായ കനു അഗർവാളിനെ എതിർ കക്ഷികളുടെ നോഡൽ ഓഫീസറായും കോടതി നിയമിച്ചു. മറ്റ് കക്ഷികൾ അവരുടെ വാദങ്ങൾ രേഖാമൂലം കൈമാറേണ്ടത് ഇവർക്കാണ്. കേസിന്‍റെ വിചാരണ സുഗമമാക്കാനാണ് ഇത്തരമൊരു ക്രമീകരണം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.