കടലിൽ മുങ്ങിയിട്ട് 80 വർഷം; നിർത്താതെ വിഷം തള്ളി നാസി യുദ്ധക്കപ്പൽ

1942 ലാണ് ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ജോൺ മാൻ എന്ന നാസി യുദ്ധക്കപ്പൽ യൂറോപ്പിന്‍റെ വടക്കൻ കടലിൽ മുക്കിയത്. വടക്കൻ കടലിൽ രഹസ്യാന്വേഷണ ദൗത്യത്തിനിടെയാണ് ബ്രിട്ടീഷ് വ്യോമസേനയുടെ മിസൈലുകൾ വന്ന് പതിച്ച് കപ്പൽ മുങ്ങിയത്. എന്നാൽ കപ്പൽ മുങ്ങിയതിന് ശേഷമുള്ള പ്രത്യാഘാതങ്ങൾ അത് ഓടിക്കൊണ്ടിരുന്ന കാലത്തേക്കാൾ ഗുരുതരമാണെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്ര ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.

കപ്പലിലെ ഇന്ധനത്തിൽ നിന്നുള്ള പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ഹെവി ലോഹങ്ങൾ, സ്ഫോടക വസ്തുക്കൾ പോലുള്ള മലിനവും വിഷലിപ്തവുമായ പദാർത്ഥങ്ങൾ കടലിൽ കലരുന്നതാണ് ഇപ്പോൾ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ചോർച്ച നടക്കുന്ന കടൽ പ്രദേശത്തെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും നശിക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ, ആയിരക്കണക്കിന് കപ്പലുകൾ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ശേഷിപ്പുകളായി കടലിൽ മുങ്ങിക്കിടപ്പുണ്ട്. ഗവേഷകരുടെ അഭിപ്രായത്തിൽ, സമാനമായ ചോർച്ച ഇവയിൽ നിന്നും ഉണ്ടാകാം.

എന്നാൽ ഇതിനിടയിൽ, ചില സൂക്ഷ്മാണുക്കൾ ഈ അവസ്ഥകളുമായി പൊരുത്തപ്പെട്ടതായി ഗവേഷണം കാണിക്കുന്നു. ഈ കപ്പലിന്‍റെ അവശിഷ്ടങ്ങളിൽ ചില ബാക്ടീരിയകൾ വസിക്കുന്നതായും ഗവേഷകർ കണ്ടെത്തി. 1927 ലാണ് ജോൺ മാൻ നീറ്റിലിറക്കിയത്.