ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുകൾ കൂട്ടത്തോടെ ‘സസ്പെൻഡ്’ ആകുന്നു
ഇൻസ്റ്റാഗ്രാമിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനാവാതെ സസ്പെൻഡ് ചെയ്യപ്പെടുന്നു. ഇൻസ്റ്റാഗ്രാം നയത്തിന്റെ ലംഘനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയുള്ളൂ. എന്നാൽ അത്തരം ഒരു പ്രവൃത്തിയും ചെയ്യാത്തവരുടെ അക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യുകയാണ്.
ട്വിറ്ററിലൂടെ നിരവധി പേരാണ് ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടുകളും അവർ പങ്കുവച്ചിട്ടുണ്ട്. ‘We Suspended your account on 31 october 2022’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ കാണുന്നത്. എങ്ങനെയാണ് ഇത്തരമൊരു പ്രശ്നം ഉണ്ടായതെന്ന് വ്യക്തമല്ല.
“ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്സസ് ചെയ്യുന്നതിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം, അത് പരിശോധിച്ച് വരികയാണ്, ബുദ്ധിമുട്ട് നേരിട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു,” ഇൻസ്റ്റാഗ്രാം ട്വീറ്റിൽ പറഞ്ഞു.