വിഴിഞ്ഞം സമരം; സമാധാനപരമായി പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സമരം സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയാകരുതെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി നീക്കണമെന്ന് കോടതി ആവർത്തിച്ചു. സമരം അവസാനിപ്പിക്കാൻ സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമരസമിതി കോടതിയെ അറിയിച്ചു.
വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നാണ് സമരസമിതിയുടെ വാദം. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ തീരുമാനമുണ്ടാകുന്നതുവരെ സമയം അനുവദിക്കണം. പൊലീസ് നടപടി സ്വീകരിച്ചാൽ അത് വലിയ പ്രശ്നത്തിലേക്ക് നയിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം സമരക്കാർ ഇപ്പോഴും അനുരഞ്ജനത്തിന് തയ്യാറല്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. സമരത്തിന്‍റെ നൂറാം ദിവസം നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പൊലീസിന്‍റെ പക്കലുണ്ട്. 4,000 ത്തോളം പേരാണ് ആക്രമണം നടത്തിയതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി നീക്കണമെന്ന് കോടതി ആവർത്തിച്ചു. തുറമുഖത്തേക്കുള്ള വഴി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. വഴി തടയില്ലെന്ന പ്രതിഷേധക്കാരുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന് ലത്തീൻ സഭ അറിയിച്ചപ്പോൾ സമാധാനപരമായി സമരം തുടരുന്നതിൽ എതിർപ്പില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് കോടതി പ്രതിഷേധക്കാർക്ക് മുന്നറിയിപ്പും നൽകി.