മിസൈലുകൾ കൊണ്ട് പോരടിച്ച് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
സോൾ: അടുത്തിടെ നടന്ന ആയുധാഭ്യാസത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് 10 മിസൈലുകളാണ് ഉത്തരകൊറിയ ബുധനാഴ്ച വിക്ഷേപിച്ചത്. മിസൈലുകൾ ശാന്ത സമുദ്രത്തിൽ പതിച്ചതായും ഉത്തരകൊറിയ പ്രകോപനം തുടരുന്നതിനാൽ ബങ്കറുകളിൽ അഭയം തേടാൻ പൗരൻമാർക്ക് നിർദ്ദേശം നൽകിയതായും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൺ സുക് യോൾ പറഞ്ഞു. ദക്ഷിണ കൊറിയൻ തീരത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് ബാലിസ്റ്റിക് മിസൈൽ പതിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെ ഉത്തരകൊറിയയുടെ തീരത്തേക്ക് മൂന്ന് മിസൈലുകൾ പ്രയോഗിച്ചാണ് ദക്ഷിണ കൊറിയ തിരിച്ചടിച്ചത്. ഉത്തരകൊറിയ ഈ വർഷം മാത്രം 40 ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും മേഖലയിൽ മിസൈലുകൾ പരീക്ഷിച്ചതും കൊറിയൻ ഉപദ്വീപിലേക്ക് യുഎസ് വിമാനവാഹിനിക്കപ്പൽ പുനർവിന്യസിച്ചതുമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
പ്രകോപനമുണ്ടാക്കാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൺ സുക് യോൾ പറഞ്ഞു. ദക്ഷിണ കൊറിയൻ തീരത്തേക്ക് ഉത്തരകൊറിയ നടത്തിയ കടന്നുകയറ്റം അസാധാരണവും പൊറുക്കാനാവാത്തതുമാണെന്ന് ദക്ഷിണ കൊറിയൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.