പഠനത്തിനായി സ്കൂളിന് മുന്നിൽ കപ്പലണ്ടി വിറ്റു; വിനീഷക്ക് സഹായവുമായി കളക്ടർ

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമായി സ്വന്തം സ്കൂളിന് മുന്നിൽ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന വിനീഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനീഷയുടെ കഥ വാർത്തയായതോടെയാണ് കളക്ടർ കാണാനെത്തിയത്. പ്ലസ് ടു പഠനത്തിനാവശ്യമായ തുക വിനീഷക്ക് കൈമാറിയതായി കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

” മോൾക്ക് പ്ലസ് ടു പഠനത്തിനാവശ്യമായ പണം ഞാൻ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം സ്വന്തം കുടുംബത്തെ പരിപാലിക്കാനുള്ള സന്നദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു.വിനീഷയുടെ കഥ അറിഞ്ഞപ്പോൾ എന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് തന്നെയാണ് ഞാൻ ഓർത്തത്. പഠനത്തോടൊപ്പം കുടുംബത്തിനായി വളരെയധികം കഷ്ടപ്പെടുന്ന ഈ പെൺകുട്ടി ഭാവിയിൽ സമൂഹത്തിനും വീടിനും ഉപകാരപ്രദമായ വലിയൊരു സ്ഥാനത്തെത്തുമെന്നതിൽ സംശയമില്ല. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു” എന്നാണ് കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചത്.