ജമേഷ മുബിന് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച്
കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. ജമേഷ മുബിൻ തന്റെ ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ സ്ഫോടകവസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ വസ്ത്രങ്ങൾ ആണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അന്വേഷണ സംഘം ഭാര്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഭർത്താവിന്റെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഇവർക്ക് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇയാൾ ഒരു അന്തർമുഖനായിരുന്നു, മറ്റുള്ളവരുമായി വളരെക്കുറച്ചു മാത്രമേ ഇടപഴകിയിരുന്നുള്ളൂ. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ഷേവ് ചെയ്ത് മുടി നീക്കം ചെയ്ത നിലയിൽ ആയിരുന്നു. ചാവേറാക്രമണം നടത്താൻ തീരുമാനിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് അധികൃതർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറി.
ഒക്ടോബർ 23ന് പുലർച്ചെ കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ നടന്ന സ്ഫോടനത്തിലാണ് ജമേഷ മുബിൻ കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം കോയമ്പത്തൂർ പൊലീസ് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തി. 75 കിലോ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. ഇതിൽ നിന്ന് ഐഎസ് പതാകയിലെ അറബി എഴുത്തിനോടു സാമ്യമുള്ള എഴുത്തുകളും കണ്ടെടുത്തു. ജിഹാദ് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയല്ല, യുവാക്കൾക്ക് വേണ്ടിയാണെന്ന് മറ്റൊരു പേപ്പറില് പറയുന്നു. ആരാധനാലയത്തിൽ തൊട്ടവരെ വേരോടെ പിഴുതെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.