‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ പദ്ധതികൾ ഇല്ലെന്ന് കേരള പൊലീസ്
തിരുവനന്തപുരം: ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയാണ്. അയൽവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചും പരസ്പരം സൗഹൃദം ഉറപ്പാക്കിയും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാംപെയ്നാണ് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമീപവാസികൾ ആരാണെന്നറിയാതെ നഗരങ്ങളിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലോടെയാണ് പൊലീസ് പദ്ധതിക്ക് തുടക്കമിട്ടത്. സൗഹൃദവും കൂട്ടായ്മകളും വർദ്ധിപ്പിച്ച് അയൽപക്കങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
അയൽവാസികൾ തമ്മിലുള്ള നല്ല സൗഹൃദത്തിന് ഫ്ലാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന കുട്ടികളുടെയും മുതിർന്ന പൗരൻമാരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുള്ള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് നയിക്കും. അയൽക്കാരെ അടുത്തറിയുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നത് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പൊലീസ് പറയുന്നു.