ഇന്ത്യയില്‍ മീഥെയ്ന്‍ മേഘ സാന്നിധ്യം കണ്ടെത്തി സാറ്റലൈറ്റ്
രാജ്യത്തെ മാലിന്യനിര്‍മാര്‍ജന മേഖലയ്ക്ക് സമീപം മീഥെയ്ൻ വാതക സാന്നിധ്യം. നവംബർ അഞ്ചിന് ഇന്ത്യൻ നഗരത്തിലെ ഒരു മാലിന്യ കുന്നിന് സമീപം ദൃശ്യമായ മീഥെയ്ൻ മേഘങ്ങളുടെ ചിത്രം ജി.എച്ച്.ജി സാറ്റ് ഇൻക് ഉപഗ്രഹം പകർത്തി. വ്യാവസായിക മീഥെയ്ൻ പുറന്തള്ളൽ കണ്ടെത്തുന്നതിനായി ജി.എച്ച്.ജി.സാറ്റിൻ്റെ നേതൃത്വത്തില്‍ നിലവിൽ ആറ് ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ഈ പ്രദേശത്തെ മീഥെയ്ൻ പുറന്തള്ളൽ മണിക്കൂറിൽ 1,328 കിലോഗ്രാം ആണെന്ന് കണക്കാക്കപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 മടങ്ങ് അധികം പ്രഹരശേഷിയുള്ള ഹരിതഗൃഹ വാതകമാണ് മീഥെയ്ൻ. സിഒപി 27 കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് മീഥെയ്ൻ മേഘങ്ങൾ കണ്ടെത്തുന്നത്. വടക്കുകിഴക്കൻ ചൈനയിലാണ് മീഥെയ്ൻ മേഘങ്ങൾ മുമ്പ് കണ്ടത്. ഡാക്കിംഗ് ഓയിൽ ഫീൽഡിന് സമീപമാണ് മീഥെയ്ൻ മേഘങ്ങൾ അന്നു കണ്ടെത്തിയത്.
മീഥെയ്നാണ് ആഗോളതാപനത്തിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത്. മീഥെയ്ൻ പുറന്തള്ളലിന്റെ 20 ശതമാനവും മലിനജലവും മാല്യന്യക്കൂമ്പാരങ്ങളുമാണ് സംഭാവന ചെയ്യുന്നത്. എണ്ണ, കൽക്കരി ഉൽപാദനത്തിന്റെ ഉപോൽപ്പന്നം കൂടിയാണിത്. മീഥെയ്നിന്റെ മറ്റൊരു പ്രധാന ഉറവിടം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ്.