സർക്കാർ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ക്കരിക്കാൻ ശ്രമിക്കുന്നു; വി.ഡി സതീശൻ
തിരുവനന്തപുരം: സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും സംയുക്തമായി ചെയ്ത തെറ്റിന് പരിഹാരമല്ല ചാൻസലറെ മാറ്റുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കിയാൽ ഇപ്പോൾ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും നിയമിച്ചതുപോലെ എ.കെ.ജി സെന്ററിൽ ഇരുന്ന് വൈസ് ചാൻസലർമാരെ നിയമിക്കുന്ന അവസ്ഥയാകും.
ബംഗാളിൽ ചെയ്തതുപോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണർ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമോ എന്ന ഭയം പോലെ സർക്കാർ കമ്യൂണിസ്റ്റുകാരെ ഉൾപ്പെടുത്തുമോ എന്ന ഭയത്തിലാണ് പ്രതിപക്ഷം. ഇവിടെ ചാൻസലറെ മാറ്റേണ്ട ആവശ്യമില്ല. സുപ്രീം കോടതി വിധി മറികടക്കാനാണ് തിടുക്കപ്പെട്ട് ഓർഡിനൻസ് ഇറക്കിയത്. പ്രതിപക്ഷം അതിനെ എതിർക്കും.
എല്ലാ നിയമനങ്ങളും ഗവർണറും സർക്കാരും സംയുക്തമായാണ് നടത്തിയതെന്നും വി.ഡി സതീശൻ ആരോപിച്ചു. ഗവർണറും സർക്കാരുമാണ് സുപ്രീം കോടതിയിൽ തോറ്റത്. പ്രതിപക്ഷം ഉന്നയിച്ച അതേ വിഷയങ്ങളിലാണ് സുപ്രീം കോടതിയും വ്യക്തത വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.