ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ
മോസ്കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി ഉക്രൈൻ സൈന്യം മുന്നേറുന്ന പ്രദേശമാണിത്. ഉക്രൈനിലെ റഷ്യൻ കമാൻഡർ സെർജി സുറോവികിനോട് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങാൻ ഷോയിഗു നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഖേഴ്സനിൽ നിന്ന് പിൻവാങ്ങാനും ഡിനിപ്രോ നദിയുടെ ഇടതുകരയിൽ പ്രതിരോധം സ്ഥാപിക്കാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഖേർസൻ നഗരം ഉൾപ്പെടുന്ന ഡിനിപ്രോയുടെ വലതുകരയിൽ നിന്ന് ഏകദേശം 1,15,000 പേരെ മാറ്റിയതായി സുറോവികിൻ ഷോയ്ഗുവിനെ അറിയിച്ചു. ഫെബ്രുവരി 24ന് ഉക്രൈനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം റഷ്യയുടെ നിയന്ത്രണത്തിലുള്ള ഏക പ്രാദേശിക തലസ്ഥാനവും ഉക്രൈനിൽ ഒരു പ്രത്യേക സൈനിക ഓപ്പറേഷനിൽ റഷ്യ പിടിച്ചെടുത്ത ആദ്യത്തെ നഗര കേന്ദ്രീകൃത പ്രദേശവുമാണ് ഖേഴ്സൻ നഗരം.