സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം
തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് നിറമണ്‍കരയില്‍വെച്ച് മർദ്ദനമേറ്റത്. രണ്ട് സ്കൂട്ടർ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രദീപൻ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേശവദാസപുരത്തെ രാസവള ഗുണനിലവാര പരിശോധനാ ലാബിലെ വാച്ച്മാനായ പ്രദീപ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നിറമണ്‍കരയിലെ ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്.
പിറകിലെ വാഹനത്തിൽ നിന്ന് ഹോൺ മുഴക്കിയപ്പോൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ ഹോൺ മുഴക്കിയത് താനാണോ എന്ന് ചോദിച്ച് പ്രദീപന്റെ അടുത്തേക്ക് ഓടിയെത്തി. ഹോൺ മുഴക്കിയത് താനല്ലെന്ന് പറഞ്ഞെങ്കിലും യുവാക്കൾ അത് ചെവിക്കൊണ്ടില്ലെന്നും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപൻ പറഞ്ഞു.
പ്രദീപൻ നിലത്തുവീണെങ്കിലും യുവാക്കൾ മർദ്ദനം തുടർന്നു. വായ്ക്കുള്ളിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപനെ സംഭവത്തിന് ദൃക്സാക്ഷികളായവരാണ് ആശുപത്രിയിലെത്തിച്ചത്. ഉടൻ കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ പൊലീസ് കേസെടുത്തിട്ടുപോലുമില്ലെന്നും പ്രദീപൻ ആരോപിച്ചു. പൊലീസ് നടപടി സ്വീകരിക്കാതെ വന്നപ്പോൾ പ്രദീപ് തന്നെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു.