കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിന്റെ അറസ്റ്റ് വൈകിയേക്കും
കൊച്ചി: എറണാകുളം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. പരാതിക്കാരിയുടെ പരാതിയിലെ ചില വിശദാംശങ്ങൾ ഇനിയും വ്യക്തമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. അതേസമയം, രക്ഷപ്പെടാതിരിക്കാനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണർ പറഞ്ഞു.
ഇൻസ്പെക്ടറുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. യുവതിയുടെ പരാതിയിൽ ഒരുപാട് ആളുകളുടെ പങ്കാളിത്തം പരാമർശിക്കുന്നുണ്ട്. അതിനാൽ, കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇവയെല്ലാം പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും. ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ പറയുന്ന തീയതികൾ സംബന്ധിച്ച് ചില അവ്യക്തതകൾ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിലെ പൊലീസുകാർ പറയുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിലെ ഇൻസ്പെക്ടർ ഉൾപ്പെട്ട സംഘം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.