കല്യാണം പൊടിപൊടിച്ചു; വളര്‍ത്തുനായ്ക്കളെ വിവാഹം കഴിപ്പിച്ച് അയൽവാസികൾ
സ്വീറ്റിയുടെയും ഷേരുവിന്റേയും വിവാഹം അതി മനോഹരമായിരുന്നു. പൊട്ടു തൊട്ട് ചുവന്ന ഷാൾ കൊണ്ട് തല മറച്ച സ്വീറ്റിയെ വീട്ടുകാർ മണ്ഡപത്തിൽ ഇരുത്തി. ഷേരുവിനെയും ഒരു നവവരനെയെന്ന പോലെ വീട്ടുകാർ മണ്ഡപത്തിലേക്ക് കൊണ്ടുപോയി. വിവാഹത്തിന് നൂറോളം അതിഥികളും സന്നിഹിതരായിരുന്നു. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഗംഭീരമായി നടത്തി. ഹരിയാനയിലെ അയൽവാസികളുടെ വളർത്തുനായ്ക്കളായ സ്വീറ്റിയും ഷേരുവും നവംബർ 14ന് വിവാഹിതരായ കാര്യമാണ് പറയുന്നത്.
പാലം വിഹാർ എക്സ്റ്റൻഷനിലെ ജിലേ സിംഗ് കോളനിയിലെ അയൽവാസികളാണ് തങ്ങളുടെ പ്രിയ നായ്ക്കളുടെ വിവാഹത്തിന് മുൻകൈയെടുത്തത്. 4 ദിവസം മുമ്പാണ് ഇത്തരമൊരു വിവാഹാലോചന നടന്നത്. അധികം വൈകിയില്ല, തയ്യാറെടുപ്പുകൾ പൂർത്തിയായി.
മൃഗസ്നേഹികളായ സവിതയും ഭർത്താവുമാണ് സ്വീറ്റിയുടെ ഉടമസ്ഥർ. അവർക്ക് കുട്ടികളില്ലാത്തതിനാൽ, സ്വീറ്റിയെ സ്വന്തം മകളെപ്പോലെയാണ് വളർത്തുന്നത്. മൂന്ന് വർഷം മുമ്പ്, തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്ന സവിതയുടെ ഭർത്താവിന്റെ പിന്നാലെ വീട്ടിലെത്തിയതാണ് സ്വീറ്റി. സ്വീറ്റി അയൽവാസികൾക്കും പ്രിയപ്പെട്ടവളാണ്. സ്വീറ്റിയുടെ വിവാഹത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറഞ്ഞതിനെ തുടർന്നാണ് അയൽപക്കത്തുള്ള ഷേരുവുമായി വിവാഹം നടത്താൻ തീരുമാനിച്ചത്. ഷേരുവിന്റെ വളർത്തമ്മ മനിതയും വിവാഹത്തിലെ സന്തോഷം പങ്കുവച്ചു.