ലാഭവിഹിതം പ്രഖ്യാപിച്ച് ഒഎന്‍ജിസി; അറ്റാദായത്തില്‍ 30% ഇടിവ്
സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ അറ്റാദായം 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 30 ശതമാനം കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 12,826 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒഎൻജിസി 18,347.7 കോടി രൂപ അറ്റാദായം നേടിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ എണ്ണ, വാതക വില ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നികുതി ചുമത്തിയതാണ് ലാഭത്തിൽ ഇടിവുണ്ടാക്കിയത്. ഒഎൻജിസിയുടെ വരുമാനം 57 ശതമാനം ഉയർന്ന് 38,321 കോടി രൂപയായി. ആഭ്യന്തര ഉത്പാദനത്തിൽ, രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിയായ ഒഎൻജിസിക്ക് 71 ശതമാനം വിഹിതമുണ്ട്. ഓഹരി ഒന്നിന് 6.75 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഇടക്കാല ലാഭവിഹിതമായി 8,492 കോടി രൂപയാണ് ഒഎൻജിസി നീക്കിവച്ചിരിക്കുന്നത്. ലാഭവിഹിതത്തിന്‍റെ ഭൂരിഭാഗവും കേന്ദ്ര സർക്കാരിനായിരിക്കും. ഒഎൻജിസിയിലെ കേന്ദ്ര വിഹിതം 58.89 ശതമാനമാണ്. ഒഎൻജിസിയുടെ ഓഹരികൾ നിലവിൽ 2.30 ശതമാനം ഉയർന്ന് 142.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.